മീഡിയ വണ്ണിന് കേന്ദ്രവിലക്ക്, വീണ്ടും സംപ്രേഷണം തടഞ്ഞു

0
146

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ കുറിപ്പിൽ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വൺ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേർപ്പെടുത്തുന്നത്. 2020 മാര്‍ച്ച് ആറിന് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മീഡിയ വണ്ണിന് സംപ്രേഷ ണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പ്രകോപനപരമായ വാർത്ത നല്കിയെന്നാരോപിച്ചാണ് അന്ന് ഇരു ചാനലുകൾക്കും അന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഏഷ്യനെറ്റ് ന്യൂസ് അധികൃതർ പിന്നീട് മാപ്പ് പറഞ്ഞതിനെത്തുടർന്ന് വിലക്ക് മാറ്റി. ഒപ്പം മീഡിയ വണ്ണിന്റെ വിലക്കും എടുത്തുകളഞ്ഞിരുന്നു.

സുരക്ഷാകാരണം പറഞ്ഞാണ്‌ നിരോധനമെന്നും എഡിറ്റർ പ്രമോദ്‌ രാമന്‍ കുറിപ്പിൽ പറഞ്ഞു. എന്നാല്‍ വിശദാംശം ലഭ്യമാക്കിയിട്ടില്ല. നിയമനടപടിയിലേക്ക്‌ നീങ്ങുകയാണ്‌. നടപടികള്‍ പൂര്‍ത്തിയായ ശേഷം വിശദാംശങ്ങള്‍ അറിയിക്കും. നീതി പുലരുമെന്ന വിശ്വാസത്തോടെ ഇപ്പോള്‍ തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നു- എഡിറ്റര്‍ അറിയിച്ചു.

ഡല്‍ഹി കലാപത്തില്‍ സംഘപരിവാറിനുള്ള പങ്ക്‌ സംബന്ധിച്ച്‌ വന്ന വാര്‍ത്തകളാണ്‌ കേന്ദ്രസര്‍ക്കാരിനെ അന്ന്‌ പ്രകോപിപ്പിച്ചത്. ജെഎൻയുവിലും ഡൽഹി സർവകലാശാലയിലും ഈസ്റ്റ്‌ ഡൽഹി പ്രദേശങ്ങളിലുമൊക്കെ സംഘപരിവാര്‍ ഇളക്കിവിടുകയും നേതൃത്വം നല്‍കുകയും ചെയ്‌ത വലിയ അക്രമങ്ങള്‍ സംബന്ധിച്ച തല്‍സമയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കേന്ദ്രസർക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. സംപ്രേഷണം നിര്‍ത്താനായി ചാനലുകള്‍ക്ക്‌ നല്‍കിയ നോട്ടീസില്‍ വാര്‍ത്തകള്‍ സംബന്ധിച്ച്‌ ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്‌ പരാതികള്‍ ഉള്ളതിനാലാണ്‌ നിരോധനം നടപ്പാക്കുന്നതെന്ന്‌ പറഞ്ഞിരുന്നു.