Saturday
10 January 2026
21.8 C
Kerala
HomeKeralaആദ്യ സര്‍ക്കാര്‍ ന്യൂറോ കാത്ത്‌ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, 4.16 കോടി രൂപ അനുവദിച്ചു

ആദ്യ സര്‍ക്കാര്‍ ന്യൂറോ കാത്ത്‌ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, 4.16 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4.16 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കുന്നത്. ഡിഎസ്എ ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് സജ്ജമാക്കുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാന്‍ കാത്ത്‌ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയര്‍ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകള്‍ കാണാനും കട്ടപിടിച്ച രക്തത്തെ നീക്കം ചെയ്യാനും സാധിക്കും. കാത്ത്‌ലാബിനായി അനുവദിച്ച ഒരു കോടിക്ക് പുറമേയാണ് അധിക തുകയെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് സ്‌ട്രോക്ക് സെന്റര്‍. ഐ സി യു., കാത്ത് ലാബ്, സി ടി ആന്‍ജിയോഗ്രാം എന്നിവയുള്‍പ്പെടുന്നതാണ് സമഗ്ര സ്‌ട്രോക്ക് സെന്റര്‍. കാത്ത്‌ലാബിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം 2.25 കോടി, കാത്ത് ലാബ് 5.16 കോടി, ന്യൂറോ ഐ.സി.യു. 97 ലക്ഷം, സി.ടി. ആന്‍ജിയോഗ്രാം 4.4 കോടി എന്നിങ്ങനെ 12.78 കോടി രൂപയാണ് അനുവദിച്ചത്.

തലച്ചോറിന്റെ അറ്റാക്കായ (ബ്രെയിന്‍ അറ്റാക്ക്) സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥാപിച്ച് വരികയാണ്. ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍.

RELATED ARTICLES

Most Popular

Recent Comments