ആർഎസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്ഫോടനം: തെളിവ് നശിപ്പിക്കാന്‍ നീക്കം, അവശിഷ്ടങ്ങള്‍ മാറ്റി

0
86

ആർഎസ്എസ് നേതാവും സിപിഐ എം പ്രവർത്തകൻ ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുമായ കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലെ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ തെളിവ് നശിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി സ്ഫോടനമുണ്ടായ സ്ഥലത്തെ അവശിഷ്ടങ്ങൾ ചില ആർഎസ്എസ് നേതാക്കൾ ചേർന്ന് മാറ്റി. പൊലീസ് എത്തുന്നതിനു മുമ്പേതന്നെ ബോംബിന്റെ നിർമാണസാമഗ്രികൾ സ്ഥലത്തുനിന്നും എടുത്തുമാറ്റിയിരുന്നു. ആർഎസ്എസ്‌ പയ്യന്നൂര്‍ ഖണ്ഡ്‌ കാര്യവാഹകാണ് ബിജു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണിയാൾ.

പരിക്കേറ്റ ബിജുവിനെ ആദ്യം ഒരു രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സ്ഫോടനമുണ്ടായ വീടിന്റെ പിൻവശത്ത് വന്ന ബൊലേറോയിലാണ് ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ബിജുവിന്റെ ഇടതു കൈപ്പത്തി തകരുന്നതും രണ്ടു വിരലുകൾ അറ്റുപോയുകയും ചെയ്തതോടെ ഇയാളുടെ നില ഗുരുതരമായി. ആരോഗ്യനില മോശമാണെന്നു കണ്ടതോടെയാണ് ഏറെ വൈകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റതെന്ന കാര്യം ബിജുവും ഒപ്പമുണ്ടായിരുന്ന ആർ എസ് എസ് നേതാക്കളും മറച്ചുവെച്ചു. സംഭവമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് നിജസ്ഥിതി പുറത്തറിഞ്ഞത്.

ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ ഇത് രണ്ടാം തവണയാണ് ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടാവുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ഇന്നലെ ഫൊറന്‍സിക് സംഘം നടത്തിയ വിശദ പരിശോധനയിലാണ് ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനമാണെന്ന് വ്യക്തമായത്. ഉഗ്ര ശബ്ദത്തിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആർ എസ് എസ് ശക്തികേന്ദ്രമായ സ്ഥലത്ത് പുറത്തുനിന്നും അപരിചിതരായ നിരവധിപേർ പലപ്പോഴും എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത പൊലീസ് കോഴിക്കോട് ആശുപത്രിയില്‍ എത്തി പ്രതിയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇയാളുടെ ഇടത്തെ കൈപ്പത്തി തകർന്നു. രണ്ട് വിരലുകള്‍ അറ്റുപോയ നിലയിലാണ്.