ഇടതുപക്ഷ വിരുദ്ധനാണ്, തനിക്ക് സൗകര്യമുള്ളത് പറയും: എം എൻ കാരശേരി

0
139

തനിക്ക് ഇടതുപക്ഷ വിരുദ്ധതയുണ്ടെന്ന് എം എൻ കാരശേരി. ഇടതുപക്ഷ വിമര്‍ശകനാകുന്നതില്‍ തനിക്കൊരു ബേജാറുമില്ലെന്നും കാരശേരി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതില്‍ എനിക്കൊരു മടിയുമില്ല. ഇടതുപക്ഷ വിരുദ്ധത ഉണ്ടെനിക്ക്. ഞാന്‍ അതൊരിക്കലും ഒളിച്ചുവെച്ചിട്ടില്ലെന്നും കാരശേരി അഭിമുഖത്തിൽ പറയുന്നു. കെ-റെയില്‍ എന്ന് പറഞ്ഞാല്‍ ഇടതുപക്ഷമാണെന്ന് പറയുന്നവന് ഇടതുപക്ഷം എന്താണെന്ന് മനസിലാകില്ല. ആരുടേയും സമ്മാനവും സ്ഥാനമാനവും വാങ്ങിയിട്ടില്ലെന്ന് അവകാശപ്പെടുന്ന കാരശേരി, ഇടതുപക്ഷ വിമര്‍ശനം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ലെന്നും പറയുന്നു. തനിക്ക് സൗകര്യമുള്ളത് പറയുമെന്നും കാരശേരി ആവർത്തിച്ചു.

വിമര്‍ശിക്കാന്‍ തോന്നിയാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാറുണ്ട്, ലീഗിനെ വിമര്‍ശിക്കാറുണ്ട്, ബിജെപിയെ വിമര്‍ശിക്കാറുണ്ട്. പി വി അന്‍വറാണോ ഇവിടുത്തെ ഇടതുപക്ഷം, അല്ലെങ്കില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാനോ, കാരാട്ട് റസാഖോ? പാലോളി മുഹമ്മദ് കുട്ടി ഇടതുപക്ഷമാണ് എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും.

പി വി അന്‍വര്‍ ഇടതുപക്ഷമാണ് എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പി വി അന്‍വറിന്റെ ഇടതുപക്ഷത്തെ ഞാന്‍ വിമര്‍ശിക്കും. പാലോളി മുഹമ്മദ്കുട്ടിയുടെ ഇടതുപക്ഷത്തെ ഞാന്‍ ബഹുമാനിക്കും. ഉദാഹരണത്തിന് ഒരു പേര് പറയുന്നതാണിവിടെ. പി വി അന്‍വറിനോട് വിരോധമുണ്ടായിട്ടല്ല പറയുന്നത്. അദ്ദേഹത്തെ ഒരു പ്രതീകമായി പറഞ്ഞു എന്നേ ഉള്ളുവെന്നും കാരശേരി പറഞ്ഞു.