ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതില്‍ ട്വിറ്ററിനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് തങ്ങള്‍ തടസം സൃഷ്ടിക്കാറില്ലെന്നും അതേസമയം, കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി ഇ ഒക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയ്ക്കാന്‍ ട്വിറ്റര്‍ നീക്കം നടത്തുന്നു എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇന്ത്യ എന്ന സങ്കല്‍പത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റര്‍ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്.