തന്റെ ജീവിതത്തിനിടയിൽ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും മഹേന്ദ്രസിങ് ധോണിയേപ്പോലൊരു ക്രിക്കറ്റ് താരത്തെ കണ്ടിട്ടില്ലെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ജയവും തോൽവിയും സ്വന്തം പ്രകടനത്തിലെ കയറ്റിറക്കങ്ങളും പോലും ധോണിയെ ബാധിക്കില്ലെന്ന് ശാസ്ത്രി പറയുന്നു.
‘പൂജ്യത്തിന് പുറത്തായാലും സെഞ്ചുറി നേടിയാലും ലോകകപ്പ് നേടിയാലും ആദ്യ റൗണ്ടിൽ പുറത്തായാലും അതൊന്നും ധോണിയിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. ജീവിതത്തിൽ ഞാൻ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, ധോണിയേപ്പോലെ മറ്റൊരാളില്ല. കളത്തിൽ പൊതുവെ ശാന്തനായി അറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കർ പോലും ദേഷ്യപ്പെടുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ധോണി ഒരിക്കലും കുപിതനാകില്ല’ ശാസ്ത്രി പറഞ്ഞു.
‘കുറച്ചുകാലം ഫോൺ ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ അത് നിഷ്പ്രയാസം ഉപേക്ഷിക്കാൻ ധോണിക്കാകും. ഇന്നുവരെ എന്റെ കൈവശം ധോണിയുടെ ഫോൺ നമ്പറില്ല. ഞാൻ ചോദിച്ചിട്ടുമില്ല. കാരണം, ധോണി എപ്പോഴും ഫോൺ കൊണ്ടുനടക്കുന്ന വ്യക്തിയല്ല. ധോണിയെ അത്യാവശ്യമായി വിളിക്കേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. ഇത്തരത്തിൽ വ്യത്യസ്തനായ വ്യക്തിയാണ് ധോണി’ ശാസ്ത്രി വ്യക്തമാക്കുന്നു.