ജില്ലയിൽ വീണ്ടും കടുവാ ഭീതി. ബത്തേരി നഗരത്തിന് സമീപമുള്ള ജനവാസ മേഖലയായ സത്രംകുന്നിലാണ് വീണ്ടും കടുവാ സാന്നിധ്യം സ്‌ഥിരീകരിച്ചത്. മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ കടുവയെ കണ്ടതായി പ്രദേശവാസിയായ രാംദാസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ച് കടുവയെ ഉൾക്കാട്ടിലേക്ക് തുരത്തിയതായാണ് വിവരം.
അതേസമയം, കടുവയെ ഉൾക്കാട്ടിലേക്ക് അയച്ചെങ്കിലും നാട്ടുകാരുടെ ഭീതി അകന്നിട്ടില്ല. ചൊവാഴ്‌ച രാവിലെയും വൈകിട്ടും കടുവയെ കണ്ട അതേ സ്‌ഥലത്ത് തന്നെ ഇന്നലെയും കണ്ടെന്നാണ് പ്രദേശവാസി പറയുന്നത്. സത്രംകുന്നിൽ മുമ്പും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൂടിയാണ് സത്രംകുന്ന്. ആന ശല്യം തടയാനായി ഇവിടെ റെയിൽവേ വേലി സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിൽ പരിഹാരമായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ബത്തേരി നഗരത്തോട് ചേർന്ന് കിടക്കുന്ന കട്ടയാട് ഭാഗത്തും കടുവാശല്യമുണ്ട്. വനത്തോട് ചേർന്ന് കിടക്കുന്ന സ്‌ഥലമായതിനാൽ പകൽ സമയത്തും കടുവകൾ കാപ്പിത്തോട്ടങ്ങളിലും മറ്റും തമ്പടിച്ച സംഭവങ്ങളും കട്ടയാട് മേഖലയിൽ ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ നിരന്തര നിരീക്ഷണം ഉണ്ടെങ്കിലും ഇരുട്ട് പരക്കുന്നതിന് മുൻപ് വീടണയേണ്ട അവസ്‌ഥയിലാണ് ജനങ്ങൾ. പ്രദേശത്ത് ആന ശല്യം കുറഞ്ഞെങ്കിലും കടുവാ സാന്നിധ്യം കൂടിയതായാണ് വിവരം.