സാമൂഹ്യ മാദ്ധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങൾ വിലക്കി സമസ്‌ത

0
58

പൂർവിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സമസ്‌ത. സംഘടനയ്‌ക്ക് അകത്ത് ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേർന്ന സമസ്‌തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കും.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന അനാവശ്യ ചർച്ചകൾ മുശാവറ വിലക്കി. വിലക്ക് ലംഘിക്കുന്നവർക്ക് എതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മുശാവറ യോഗം മുന്നറിപ്പ് നൽകി. പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലായിരുന്നു കോഴിക്കോട് മുശാവറ ചേർന്നത്.

കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പ്രചാരണം ശക്‌തിപ്പെടുത്താൻ ലീഗ് ശ്രമിക്കുന്നതിനിടെ സമസ്‍ത നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂ‍ർ ലീഗിനെ വെട്ടിലാക്കുന്ന പ്രസ്‌താവനനയുമായി രംഗത്ത് വന്നിരുന്നു. കമ്മ്യൂണിസ്‌റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അബ്‌ദുസമദ് പൂക്കോട്ടൂ‍ർ പറഞ്ഞത്.

എല്ലാ കമ്മ്യൂണിസ്‌റ്റുകളും നിരീശ്വരവാദികളല്ലെന്നും അതിനാൽ തന്നെ കമ്മ്യൂണിസ്‌റ്റ് സർക്കാരുമായി സഹകരിക്കാം എന്നുമായിരുന്നു അബ്‌ദുസമദ് പൂക്കോട്ടൂ‍രിന്റെ പ്രതികരണം. സമസ്‌തയിലെ ലീഗ് പക്ഷപാതിയായി അറിയപ്പെടുന്നയാളാണ് അബ്‌ദുസമദ് പൂക്കോട്ടൂ‍ർ.