രാജിക്ക് പിന്നാലെ യുപി മുൻ മന്ത്രി എസ്‌പി മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്

0
23

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച്, ബിജെപിയിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുന്ന മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്. 2014ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഇപ്പോൾ അറസ്‌റ്റ് ഭീഷണി നേരിടുന്നത്. ഈ കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ മൗര്യയോട് സുൽത്താൻപൂർ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേത്തുടർന്ന് കേസിൽ ജനുവരി 24ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്‌പി) ആയിരുന്ന സമയത്ത് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് എസ്‌പി മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട് വന്നിരിക്കുന്നത്. “വിവാഹസമയത്ത് ഗൗരി ദേവിയെയോ ഗണപതിയെയോ ആരാധിക്കരുത്. അത് ദളിതരെയും പിന്നോക്ക ജാതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവർണ മേധാവിത്വ വ്യവസ്‌ഥയുടെ ഗൂഢാലോചനയാണ്,” എന്നായിരുന്നു മൗര്യയുടെ വിവാദ പ്രസ്‌താവന.

ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് സ്വാമി പ്രസാദ് മൗര്യ ഇന്നലെ യുപി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു.

തന്റെ രാജി പാർട്ടിയെ ഉലച്ചെന്ന് മൗര്യ ഇന്ന് പ്രതികരിച്ചിരുന്നു. എന്റെ നീക്കം ബിജെപിയിൽ കൊടുങ്കാറ്റ് ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും തനിക്കൊപ്പം പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഇന്നും നാളെയും എന്റെ ജനങ്ങളോട് സംസാരിക്കും. എന്റെ അടുത്ത രാഷ്‌ട്രീയ നീക്കം 14ന് (വെള്ളിയാഴ്‌ച) വെളിപ്പെടുത്തും. എന്റെ തീരുമാനവും എന്റെ കൂടെ ആരൊക്കെ വരുമെന്നതും ഞാൻ നിങ്ങളോട് പറയും,”- മൗര്യ വ്യക്‌തമാക്കി.