സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്, എല്ലാം സുധാകരനിസത്തിന്റെ എഫക്ട്: എ.എ. റഹിം

0
46

രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം. ഒരു കൗമാരക്കാരനെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് റഹിം പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തെ തള്ളിപറയാന്‍ സുധാകരനോ കോണ്‍ഗ്രസോ ഇതുവരെ തയ്യാറായിട്ടില്ലെന്നും സുധാകരന്റെ ചെറുമകന്റെ പ്രായമുള്ള വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുണ്ടായിസത്തിലൂടെ കേരളത്തെ കൈപ്പിടിയിലൊതുക്കാനാണ് കെ. സുധാകരന്‍ ശ്രമിക്കുന്നതെന്നും റഹിം പറയുന്നു. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ സുധാകരനിസത്തിന്റെ എഫക്ടാണെന്നും കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ അറിയില്ലെന്നും റഹിം പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരച്ഛനായിട്ടെങ്കിലും സുധാകരന്‍ കൊലപാതകത്തെ തള്ളി പറയണമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം വ്യാപകമായി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധീരജിന്റെ കൊലപാതകം ആസൂത്രിതമാണ്. പല എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തരത്തിലുളള സംഘര്‍ഷങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എ.എ. റഹിം പറഞ്ഞു.