നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം

0
61

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറിന്റെ ജീവന് ഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

കേസിൽ നാളെയാണ് ബാലചന്ദ്ര കുമാർ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനായി കോടതിയിലേക്ക് വരുമ്പോൾ പോലീസ് സംരക്ഷണം നൽകാൻ നിർദ്ദേശമുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനായി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. നടൻ ദിലീപിനെതിരെ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വ്യക്‌തമാക്കിയത്‌. അതേസമയം കേസിൽ വിചാരണക്ക് 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ്‌ വിചാരണ കാലാവധി നീട്ടണമെന്ന് സർക്കാർ ആവശ്യം ഉന്നയിക്കുന്നത്.