Thursday
18 December 2025
29.8 C
Kerala
HomeIndiaസ്റ്റേഷൻ വികസനത്തിന്റെ പേരിൽ കൊള്ള ; യാത്രാ നിരക്ക് കൂടും

സ്റ്റേഷൻ വികസനത്തിന്റെ പേരിൽ കൊള്ള ; യാത്രാ നിരക്ക് കൂടും

റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനെന്ന പേരിൽ യാത്രക്കാരിൽനിന്ന് അധികനിരക്ക് ഈടാക്കാൻ തീരുമാനം. 10 മുതൽ 50 രൂപവരെ യാത്രക്കാരിൽനിന്ന്‌ ‘ടിക്കറ്റ് ലെവി’യായി അധികതുക ഈടാക്കാന്‍ എല്ലാ സോണൽ  ജനറൽ മാനേജർമാർക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വിമാനത്താവളങ്ങളിൽ യൂസർ ഫീസ് ഈടാക്കുന്ന മാതൃകയിൽ ട്രെയിൻ യാത്രക്കാരെയും പിഴിയുകയാണ്‌ ലക്ഷ്യം.

ഏതൊക്കെ സ്റ്റേഷനുകളിലാണ് വികസനം ആവശ്യമുള്ളതെന്ന് റെയിൽവേ സോണുകളും ഡിവിഷനുകളും തീരുമാനിക്കും. അത്തരം സ്റ്റേഷനുകളിൽനിന്ന്  ടിക്കറ്റ് എടുക്കുന്ന യാത്രക്കാരാണ് അധികതുക നൽകേണ്ടി വരിക. എടുക്കുന്ന ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അധികതുക നിശ്ചയിക്കുക. പ്ലാറ്റ്ഫോം ടിക്കറ്റിനൊപ്പം 10 രൂപ അധികം നൽകേണ്ടി വരും.

കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും യൂസർ ഫീസ് പിരിക്കുന്നവയാണെങ്കിൽ അധിക നിരക്കിന്റെ പകുതികൂടി നൽകേണ്ടിവരും.  കയറുന്ന സ്റ്റേഷനിൽ 50 രൂപയാണ് ടിക്കറ്റ് ലെവിയെങ്കിൽ ഇറങ്ങുന്ന സ്റ്റേഷനിലെ ലെവി അടക്കം 75 രൂപ നൽകണം. സബർബൻ ട്രെയിൻ യാത്രക്കാരും സീസൺ ടിക്കറ്റുകാരും അധികതുക നൽകേണ്ട. പുതിയ തീരുമാനപ്രകാരം കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാരെല്ലാം അധികതുക നൽകേണ്ടി വരും.

 

 

RELATED ARTICLES

Most Popular

Recent Comments