മാധ്യമങ്ങൾ സമ്മേളന വാർത്തകളെ വളച്ചൊടിക്കുന്നു : കോടിയേരി ബാലകൃഷ്‌ണൻ

0
71

ഇടുക്കി ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ വസ്‌തു‌താവിരുദ്ധമായ കാര്യങ്ങളാണ്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ആഭ്യന്തരത്തിനു മാത്രമായി മന്ത്രിവേണമെന്നും പൊലീസാകെ പരാജയമാണെന്നും പ്രതിനിധികൾ പറഞ്ഞുവെന്ന്‌ വാർത്ത നൽകി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്നും വാർത്തകൾ ചമയ്‌ക്കുന്നതിൽനിന്നും മാധ്യമങ്ങൾ പിന്മാറണം.

അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ളതാണ്‌ പൊലീസ്‌ സേന. കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തുന്ന കുറച്ചുപേരുണ്ട്‌. കുറ്റക്കാരെ സംരക്ഷിക്കാറില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ്‌ കേരളത്തിലേത്‌. വാളയാർ, പെരിയ തുടങ്ങി സിബിഐയ്‌ക്കു കൈമാറിയ കേസുകളിൽ പൊലീസ്‌ കണ്ടെത്തിയതിൽനിന്നും കൂടുതൽ കണ്ടെത്താൻ കഴിഞ്ഞോ. പൊലീസ്‌ വീഴ്‌ചകളെക്കുറിച്ച് ഹൈക്കോടതി നിരീക്ഷണം പുതിയ കാര്യമല്ല. അത്‌ സർക്കാർ പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കാറുണ്ട്‌.

ആർഎസ്‌എസും എസ്‌ഡിപിഐയും കേരളത്തിൽ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്‌. ആർഎസ്‌എസുകാർ ആയുധമേന്തി പ്രകടനം നടത്തി പ്രകോപനമുണ്ടാക്കുന്നു. അതിനെതിരെ എസ്‌ഡിപിഐയും തയ്യാറെടുക്കുന്നതായി കേൾക്കുന്നു. കേരളത്തെ കലാപഭൂമിയാക്കാനാണ്‌ ഇരുകൂട്ടരുടെയും ശ്രമം. ഇതിനെതിരെ മതനിരപേക്ഷശക്തികളാകെ യോജിക്കണം. കേരളത്തെ സംഘർഷഭൂമിയാക്കാനുള്ള ശ്രമം ചെറുക്കാൻ ജനങ്ങൾ സർക്കാരിനു പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.