മുൻ മന്ത്രി ആർ എസ്‌ ഉണ്ണിയുടെ സ്വത്ത്‌ തട്ടാൻ ശ്രമം: എൻ കെ പ്രേമചന്ദ്രൻ എം.പിക്കെതിരെ കേസ്‌

0
48

മുൻ മന്ത്രിയും ആർഎസ്​പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ എസ്‌ ഉണ്ണിയുടെ സ്വത്ത്​ തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ള ആർഎസ്‌പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ്. ആർ എസ്  ഉണ്ണിയുടെ ഏകമകൾ ആർ രമണിയുടെ മകൾ അഞ്ജന വിജയ്‌യുടെ പരാതിയിലാണ് കേസ്‌. ആർ എസ് ഉണ്ണി ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണനെ ഒന്നും പ്രസിഡന്റ് എൻ കെ പ്രേമചന്ദ്രനെ രണ്ടും പ്രതിയാക്കി ശക്തികുളങ്ങര പൊലീസ് ആണ്‌ കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾപ്രകാരമാണ് കേസ്. ശക്തികുളങ്ങര സ്വദേശികളായ പുഷ്പൻ, ഹരികൃഷ്ണൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റു പാർടി പ്രവർത്തകരുമാണ് പ്രതികൾ.

ആർഎസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്വത്ത്‌ തട്ടാൻ ശ്രമം നടക്കുന്നതായി അഞ്ജന വിജയ്‌ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഫൗണ്ടേഷന്റെ ഓഫീസിനെന്ന പേരിൽ ശക്തികുളങ്ങരയിൽ  തങ്ങൾക്ക്​ അവകാശപ്പെട്ട 24 സെന്റും വീടും കൈയേറിയെന്നാണ്‌ പരാതി​. ആർ എസ്​ ഉണ്ണിയുടെ മകൾ രമണിയെ 2012 മുതൽ കാണാതായതി​നെ തുടർന്ന്​ 2019ലാണ്​ അവകാശികളായ ചെറുമക്കൾ  സ്വത്തിൽ അവകാശം സ്ഥാപിക്കുന്നതിന്‌ നടപടി ആരംഭിച്ചത്. അതിനിടെ കെ പി ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ മേയിൽ ശക്തികുളങ്ങരയിലെ വസ്‌തുവിൽ ഫൗണ്ടേഷൻ ഓഫീസ്​ തുറന്നു. സ്വന്തം പേരിൽ അനധികൃതമായി വൈദ്യുതി കണക്‌ഷനും എടുത്തു. ഫൗണ്ടേഷൻ ആരംഭിക്കാൻ ആർ എസ്  ഉണ്ണി നേരത്തെ മൂന്നു​ സെന്റ്‌ പാർടിക്ക്​ നൽകിയിരുന്നു.

എന്നാൽ, അകന്ന ബന്ധുകൂടിയായ കെ പി ഉണ്ണിക്കൃഷ്ണൻ അതും ആർ എസ്‌ ഉണ്ണിയുടെ പേരിലുള്ള കാറും വിറ്റു. വീടും വസ്തുവും കൈയേറിയത്​ തിരികെ നൽകാൻ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ഫൗണ്ടേഷൻ പ്രസിഡന്റായ എൻ കെ പ്രേമചന്ദ്രൻ എംപിയെ  സമീപിച്ചെങ്കിലും നിയമനടപടിക്ക്​ പോകുന്നത്‌ വിലക്കി. ഡിസംബർ 31ന്​ വീട്ടിൽ താമസിക്കാൻ എത്തിയെങ്കിലും താക്കോൽ നൽകാൻ കെ പി  ഉണ്ണിക്കൃഷ്ണൻ തയ്യാറായില്ല. തുടർന്ന്​ പൂട്ടുപൊട്ടിച്ച്​ വീട്ടിൽ​ കയറി. അതോടെ കെ പി ഉണ്ണിക്കൃഷ്‌ണനും സംഘവുമെത്തി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി എന്നാണ്‌ പരാതി.