രക്തസാക്ഷി സ്മരണകളും പോരാട്ടവീറും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ സിപിഐ എം കർണാടക സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. കർണാടകത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഗംഗാവതിയിലെ ജൂലി നഗറിലെ അമർജ്യോതി കൺവെൻഷൻ ഹാളിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ്അംഗം നിത്യാനന്ദ സ്വാമി താൽക്കാലിക അധ്യക്ഷനായി.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവുലു, സംസ്ഥാന സെക്രട്ടറി യു ബസവരാജ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി ജെ കെ നായർ, ജി എൻ നാഗരാജ്, എസ് വരലക്ഷ്മി, കെ ശങ്കർ, ജെ ബാലകൃഷ്ണഷെട്ടി, മീനാക്ഷി സുന്ദരം, കെ എൻ ഉമേഷ്, വസന്ത ആചാരി, കൊപ്പാൾ ജില്ലാസെക്രട്ടറി ജി നാഗരാജു, ഗാംഗവതി ഏരിയ സെക്രട്ടറി നിരുപാദി ബനിക്കൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് വി ജെ കെ നായർ പതാകയുയർത്തി.
സമ്മേളനം നിയന്ത്രിക്കാനുള്ള വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. കെ ശങ്കർ, എസ് വരലക്ഷ്മി, ജയറാം റെഡ്‌ഡി, മാലമ്മ, സയ്യിദ് മുജീബ് എന്നിവരടങ്ങിയതാണ് പ്രസീഡിയം. സംസ്ഥാന സെക്രട്ടറിയേറ്റ് സ്റ്റിയറിങ് കമ്മിറ്റി ആയി പ്രവർത്തിക്കുന്നു. മീനാക്ഷി സുന്ദരം (പ്രമേയം), മാലിനി മെസ്സ (ക്രഡൻഷ്യൽ) എന്നിവരടങ്ങിയ മറ്റു കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഉദ്‌ഘാടനശേഷം സംസ്ഥാന സെക്രട്ടറി യു ബസവരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച തുടങ്ങി. സമാപന സമ്മേളനം ജനുവരി നാലിന് വൈകിട്ട് മൂന്നിന് ഗംഗാവതി ടൗണിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.