ഹിന്ദുത്വ- കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ യോജിച്ചപ്രക്ഷോഭം ഉയർന്നുവരണം: പ്രകാശ് കാരാട്ട്

0
80

ബിജെപി വിഭാവനം ചെയ്യുന്ന ഏകാധിപത്യപരമായ ഹിന്ദുത്വത്തിന്റെയും കോർപറേറ്റ്‌ നവലിബറലിസത്തിന്റെയും വിഷലിപ്‌തമായ കൂട്ടുകെട്ടിനെതിരെ രാജ്യമൊട്ടുക്ക് യോജിച്ച പോരാട്ടം ഉയർന്നുവരണമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വത്തിന്റെയും നവഉദാര മുതലാളിത്തത്തിന്റെയും കോർപറേറ്റുകളുടെയും കൂട്ടുകെട്ട് ജനാധിപത്യ, മതനിരപേക്ഷ, സ്വാശ്രയത്വ മൂല്യങ്ങൾക്ക്‌ കനത്ത ഭീഷണി സൃഷ്ടിക്കുകയാണ്‌. ബിജെപി സഖ്യം അധികാരത്തിൽ വന്നതോടെ ഈ പ്രവണത കൂടുതൽ ശക്തമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ ഊന്നിയ നവലിബറൽ നയങ്ങൾ ശക്തമായി പിന്തുടരുന്നത്‌ രാഷ്ട്രീയ സംവിധാനത്തിന്‌ വിനാശകരമായ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിൽ സിപിഐ എം കർണാടക സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേർക്കുള്ള കടന്നാക്രമങ്ങൾ വലിയ തോതിൽ കൂടി. ഒരു ഭാഗത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ മറുവശത്ത് കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയമാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. എല്ലാ ഔദ്യോഗിക സംവിധാനങ്ങളും പിടിച്ചടക്കി അവയെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുന്നതിന്‌ ദീർഘകാലമായി ബിജെപി, ആർഎസ്‌എസ്‌ സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

‘പുതിയ ഇന്ത്യ’യെന്ന ലക്ഷ്യത്തെക്കുറിച്ച്‌ മോഡി പ്രഖ്യാപിച്ചശേഷമുള്ള മൂന്നു വർഷം കോർപറേറ്റ്‌ നികുതി കുത്തനെ വെട്ടിക്കുറച്ചതിനും വൻകിട കോർപറേറ്റുകളുടെ ശതകോടിക്കണക്കിനു രൂപയുടെ വായ്‌പ എഴുതിത്തള്ളുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാപകമായ സ്വകാര്യവൽക്കരണത്തിനുമാണ്‌ രാജ്യം സാക്ഷിയായത്‌. കോർപറേറ്റുകൾക്ക്‌ വൻനികുതിയിളവ്‌ നൽകുന്ന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കി. കോവിഡ്‌ വ്യാപനം നിയന്ത്രിച്ചുവെന്നും രാജ്യത്തെ സാമ്പത്തികവളർച്ച തിരിച്ചുവരവിന്റെ പാതയിലാണെന്നും ആത്മവിശ്വാസം പുലർത്തുകയായിരുന്നു മോഡി സർക്കാർ. ഇത്‌ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു.

ആരോഗ്യമേഖലയിലും കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കും സഹായം എത്തിക്കുന്നതിൽ മോഡി സർക്കാർ മൊത്തത്തിൽ പരാജയപ്പെട്ടു. ദേശീയ ആസ്‌തി വൻകിടക്കാർക്ക്‌ തീറെഴുതുന്നു. ഇതിനെതിരെ കർഷകരുടെയും തൊഴിലാളികളുടെയും സംയുക്തപ്രസ്ഥാനം ഉയർന്നുവന്നത്‌ വലിയ പ്രതീക്ഷ നൽകുന്നു. കർഷക പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയവും ഇതിന് അടിവരയിടുന്നു. കോർപറേറ്റ്‌, ഹിന്ദുത്വ കടന്നാക്രമണം ചെറുക്കാൻ ബഹുജനബന്ധം വിപുലമാക്കിയുള്ള യോജിച്ച പോരാട്ടം അനിവാര്യമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.