ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
43

കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കി, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര. എല്ലാ പാര്‍ട്ടികളില്‍ നിന്നും ഇതുസംബന്ധിച്ച്‌ അഭിപ്രായം തേടിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവക്കുന്നതുള്‍പ്പെടെയുള്ള സാധ്യത പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘം സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോടൊപ്പം റാലികള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ പലതിലും കൊവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടെന്ന് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടിനല്‍കുമെന്നും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 11,000 ബൂത്തുകള്‍ അധികം സജ്ജമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.