തൃശൂരിൽ പിഞ്ചുകുഞ്ഞിനെ കൊന്നത്‌ ബക്കറ്റിൽ മുക്കി; അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയിൽ

0
57

തൃശൂർ പൂങ്കുന്നം എംഎൽഎ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ മൂന്ന്‌ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൃതദേഹം കനാലിൽ കണ്ടെത്തിയതിനെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഞ്ഞിന്റെ അമ്മയേയും കാമുകനേയും സുഹൃത്തിനേയും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം കുഞ്ഞ് കരയാതിരിക്കാനായി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പിന്നീട്‌ കാമുകനും സുഹൃത്തും ചേര്‍ന്ന്‌ മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറയുന്നു.

തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്‌. ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ശനിയാഴ്‌ച രാത്രിയാണ്‌ യുവതി പ്രസവിക്കുന്നത്‌.

തുടർന്ന്‌ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പിന്നീട്‌ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. ഞായറാഴ്ച കാമുകനും സുഹൃത്തും ചേർന്ന്‌ മൃതദേഹം തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്‌ പ്രതികളെ കുടുക്കിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ നവജാതശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബൈക്കിലെത്തിയത് തൃശൂര്‍ സ്വദേശി ഇമ്മാനുവലും സുഹൃത്തുമാണെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ കൊലപാതക വിവരം പുറത്തുവന്നത്‌. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്‌ത‌പ്പോള്‍ യുവതിയും കുറ്റസമ്മതം നടത്തി. അപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ ഈ വിവരം അറിയുന്നത്‌.