Monday
12 January 2026
20.8 C
Kerala
HomePoliticsബംഗാളില്‍ ബി.ജെ.പിയെ കടത്തിവെട്ടി ഇടത്

ബംഗാളില്‍ ബി.ജെ.പിയെ കടത്തിവെട്ടി ഇടത്

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. 144 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 134 വാര്‍ഡുകളിലും പാര്‍ട്ടി വിജയിച്ചു. ബി.ജെ.പിക്ക് ഒരുതരത്തിലുമുള്ള പ്രതീക്ഷ നല്‍കാത്തതായിരുന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്.

അടുത്തിടെ ബംഗാളില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നുവന്ന ബി.ജെ.പിക്ക് കാര്യമായ നേട്ടങ്ങളൊന്നും നേടാനായിട്ടില്ല. മൂന്ന് വാര്‍ഡുകളില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. എന്നാല്‍, ഇടതുപക്ഷത്തിന് ചെറുതല്ലാത്ത ആശ്വാസവും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസും രണ്ടുവീതം സീറ്റുകള്‍ നേടി. ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം ബി.ജെ.പിയെ മറികടക്കുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്രര്‍ മൂന്ന് സീറ്റുകളാണ് നേടിയത്. വിജയിച്ച മൂന്ന് സ്വതന്ത്രരും ഭരണകക്ഷിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇടതുപക്ഷം 65 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബി.ജെ.പി 48 വാര്‍ഡുകളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് 16 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും അഞ്ചിടത്ത് സ്വതന്ത്രര്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.2015ലെ കെ.എം.സി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 124 വാര്‍ഡുകളും ഇടതുപക്ഷം 13 ഉം ബി.ജെ.പി 5 ഉം കോണ്‍ഗ്രസ് രണ്ട് വാര്‍ഡുകളും നേടിയിരുന്നു.

വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (72.16 ശതമാനം) ഭരണകക്ഷിക്ക് കിട്ടി. കഴിഞ്ഞ സിവില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 22 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ തൃണമൂലിന് കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച്-ഏപ്രില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, കെ.എം.സി വാര്‍ഡുകളില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം 11 ശതമാനം ഉയര്‍ന്നു.

ബി.ജെ.പിക്ക് 9.19 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 11.87 ശതമാനം വോട്ട് നേടി ഇടതുപക്ഷം ബി.ജെ.പിയെക്കാള്‍ മുന്നിലെത്തി. ബി.ജെ.പിയുടെ വോട്ട് വിഹിതം താരതമ്യം ചെയ്തുനോക്കുമ്പോള്‍ 2015-നെ അപേക്ഷിച്ച് 6 ശതമാനവും നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 20 ശതമാനം കുറവുമാണ്.

2015ലെ സിവില്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് 13 ശതമാനം വോട്ട് കുറവായിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 7 ശതമാനം കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 4.13 ശതമാനം വോട്ടും സ്വതന്ത്രരുടെ വിഹിതം 2.43 ശതമാനവുമാണ്.

RELATED ARTICLES

Most Popular

Recent Comments