ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ; ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി

0
69

കഴിഞ്ഞ 24 മണിക്കൂറിനിടെ ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ബിജെപി നേതാവ് രഞ്‌ജിത്‌ ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിലായതായി ജില്ലാ പോലീസ് മേധാവി സ്‌ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്‌റ്റഡിയിൽ എടുത്തതെന്ന് അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം ആലപ്പുഴയിലെ സംഘർഷ സാധ്യതാ മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. മാത്രമല്ല സംസ്‌ഥാന വ്യാപകമായി ജാഗ്രത പുലർത്താൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്രോളിംഗ് ശക്‌തമാക്കാനും എല്ലാ മേഖലകളിലും വാഹന പരിശോധന ശക്‌തമാക്കാനും നിർദ്ദേശമുണ്ട്.

ഇതിനിടെ ആലപ്പുഴ ജില്ലയിൽ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. എസ്‌ഡിപിഐയുടെയും, ബിജെപിയുടെയും സംസ്‌ഥാന ഭാരവാഹികളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.