ഭിത്തി തകര്‍ന്ന് വിദ്യാർഥികൾ മരിച്ച സംഭവം; പ്രധാനാധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

0
88

തിരുനെല്‍വേലിയില്‍ സ്‌കൂളിന്റെ ശൗചാലയ ഭിത്തി തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പ്രധാനാധ്യാപി ജ്ഞാനശെല്‍വി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോളമന്‍ സെല്‍വരാജ്, കെട്ടിടം നിർമിച്ച കരാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. തിരുനെല്‍വേലി സാപ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയ ഭിത്തിയാണ് തകര്‍ന്നുവീണത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ കെ അന്‍പഴകന്‍ (14), ഡി വിശ്വരഞ്ജന്‍ (13), ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുധീഷ് (11) എന്നിവരാണ് മരിച്ചത്. സഞ്ജയ്, ഇസക്കി പ്രകാശ്, ഷേക്ക് അബുക്കർ, അബ്ദുല്ല എന്നീ വിദ്യാർഥികളുടെ നില ഗുരുതരമാണ്. ഇവരെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശൗചാലയത്തിന് സമീപം സംസാരിച്ചു നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. ഇടവേളയ്ക്കിടെയായിരുന്നു അപകടം. ഭിത്തിക്ക് നേരത്തെ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും ശക്തമായ മഴയെ തുടര്‍ന്ന് ഭിത്തി നനഞ്ഞതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എജുക്കേഷണല്‍ ഓഫീസര്‍ സുഭാഷിണി ഉത്തരവിട്ടു. അന്വേഷണം നടക്കുന്നതിനാല്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങളുടെയും കെട്ടിട പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കളക്ടർ വി വിഷ്ണു അറിയിച്ചു.