‘സ്‌കൂൾ വരാന്തയെങ്കിലും കണ്ടാൽ ഈ പ്രതിഷേധം ഉണ്ടാകില്ലായിരുന്നു’, ലീഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

0
21

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന മുസ്ലിംലീഗിനെയും ഹരിതയെയും പരോക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ക്ലാസിൽ ഇരുന്നു പഠിക്കാത്തതിന്റെ കുഴപ്പമാണ് ബാലുശേരി സ്‌കൂളിലേക്ക് പ്രകടനം നടത്തിയവർക്കുള്ളതെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യൂണിഫോമിനെ എതിർത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവർക്ക് മുന്നിൽ ഗേറ്റ് അടച്ചിടാതെ, തുറന്നു മലർത്തിയിടണം.

അങ്ങനെയെങ്കിലും അവർ സ്കൂൾ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവർ ക്ലാസിൽ ഇരുന്നു പഠിക്കട്ടെ എന്നാണ് രാഹുൽ കുറിച്ചത്. ആണും പെണ്ണും ഒന്നിച്ചിരിക്കുന്ന ദുർബല ബെഞ്ചുകൾ തല്ലിയൊടിച്ച് അല്ലാതെ തന്നെ ഒന്നിച്ചിരിക്കുന്ന പുതിയ ഉറപ്പുള്ള ബെഞ്ചിലിരുന്ന് കുട്ടികൾ പഠിക്കട്ടെ എന്നും രാഹുൽ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ലീഗിന്റെ വർഗീയ നിലപാടിനെതിരെയുള്ള കനത്ത അടി കൂടിയാണിത്. മുസ്ലിംലീഗും പോഷക സംഘടനായ ഹരിതയും ജമാഅത്തെ ഇസ്ലാമിക്കാരുമാണ് ബുധനാഴ്ച ബാലുശേരി സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച നടത്തിയത്. ഘടകകക്ഷിയായ ലീഗുകാർ സ്‌കൂളിൽ പോകാത്തവരാണ് എന്ന് പരോക്ഷമായി പരിഹസിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

പോസ്റ്റിന്റെ പൂർണരൂപം.

നമ്മുടെ സ്ത്രീപക്ഷ വാദവും, ജന്റർ ഇക്വാളിറ്റിയുമൊക്കെ അപ്പൂപ്പൻ താടിയേക്കാൾ നേർത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ബാലുശേരി സ്കൂളിലെ ജന്റർ ന്യൂട്ടറൽ യൂണിഫോമിന്റെ ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ ആ അപ്പൂപ്പൻ താടി പിന്നെയും പറന്ന് നടക്കുന്നു. പാന്റ്സും ഷർട്ടും ധരിക്കുമ്പോൾ ഒരു പെണ്ണോ, ആണോ, ട്രാൻസ് ജന്ററോ കംഫർട്ടബിൾ ആണെങ്കിൽ നിർബന്ധമായും അവർ അത് ധരിക്കണം. അവർക്ക് നാളെ ഷോർട്ട്സിടുന്നതാണ് സൗകര്യമെങ്കിൽ അത് ധരിക്കട്ടെ. അതിനെ എതിർത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവർക്ക് മുന്നിൽ ഗേറ്റ് അടച്ചിടാതെ, തുറന്നു മലർത്തിയിടണം. അങ്ങനെയെങ്കിലും അവർ സ്കൂൾ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവർ ക്ലാസ്സിൽ ഇരുന്നു പഠിക്കട്ടെ.

പെൺകുട്ടികൾ പാന്റ്സ് ധരിക്കുന്നത് ജന്റർ ന്യൂട്ടറാലിറ്റിയുടെ പേരിലാണെങ്കിൽ സ്വാഗതാർഹമാണ്. അതല്ലാതെ “ചിലർ ” പറയും പോലെ “ആണിന്റെ വേഷം പെണ്ണും ധരിക്കട്ടെ ” (പാന്റ്സ് ആണിന്റെ വേഷമാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ലാ) എന്ന ചിന്താഗതി ആണെങ്കിൽ അവരും ക്ലാസ്സിൽ ഇരുന്നു പഠിക്കട്ടെ. കാരണം ആണിനെ പോലെയാകാലല്ല, പെണ്ണായി തന്നെ അംഗീകാര നേടലാണ് ജന്റർ ഇക്വാളിറ്റി.
ഇപ്പോഴും നമ്മുടെ ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷർട്ടിലും നിക്കുന്നതേയൊള്ളു എന്നോർത്ത് നാണം തോന്നുന്നു. ഇനിയും നമ്മൾ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ കഴിയുക.

ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ നമ്മുക്ക് ക്ലാസ്സുകളിൽ നിന്ന് തന്നെ തുടങ്ങാം. ക്ലാസ്സുകളിൽ ട്രാൻസ് ജന്ററുകളും, ആൺകുട്ടികളും, പെൺകുട്ടികളും ഇരിക്കുന്ന പല കംബാർട്ടുമെന്റുകളും, അതിന്റെ നടുവിലെ ലിംഗഭേദത്തിന്റെ ഇടനാഴിയും പൊളിക്കാം. ടീച്ചർ പഠിപ്പിക്കുമ്പോൾ സംസാരിക്കുന്നവർക്കുള്ള “പണീഷ്മെന്റ് ” ആയി ആണും പെണ്ണും ഒന്നിച്ചിരിക്കുന്ന ദുർബല ബെഞ്ചുകൾ തല്ലിയൊടിച്ച് അല്ലാതെ തന്നെ ഒന്നിച്ചിരിക്കുന്ന പുതിയ ഉറപ്പുള്ള ബെഞ്ചിലിരുന്ന് കുട്ടികൾ പഠിക്കട്ടെ.