പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു

0
39

ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരിയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ ബിജ്‌നോർ ചഹ്‌ഗിരി സ്വദേശി മുഹമ്മദ് ജിഷാൻ അറസ്‌റ്റിലായി. രാമദാസ് ഗിരിയുടെ നിർദ്ദേശപ്രകാരം എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിക്കാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

56കാരൻ രാമദാസ് ഗിരിയെ ശനിയാഴ്‌ച രാവിലെയാണ് ബിജ്‌നോർ നങ്‌ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ക്ഷേത്രത്തിൽ എത്തിയ ഭക്‌തരിൽ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്. രാമദാസ് ഗിരിയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്ക് എത്തിയത്.

ലോട്ടറി നറുക്കെടുപ്പിലൂടെ ഭാഗ്യനമ്പറുകൾ പ്രവചിച്ചാണ് രാമദാസ് ഗിരി എന്ന ആൾദൈവം പ്രശസ്‌തനായത്. ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റ് നമ്പറുകൾ ഇയാൾ കുറിച്ചുനൽകിയിരുന്നു. ചിലർക്ക് ഗിരിയുടെ പ്രവചനം പോലെ സമ്മാനം ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ ഇയാളെ തേടിയെത്തി. ഇങ്ങനെയാണ് മുഹമ്മദ് ജിഷാനും ഗിരിയെ സമീപിക്കുന്നത്.

ഭാഗ്യനമ്പറുകൾ കുറിച്ച് നൽകിയതിന് പകരം ജിഷാനിൽ നിന്ന് 51000 രൂപയും മൊബൈൽ ഫോണും ദക്ഷിണയെന്ന പേരിൽ ഗിരി വാങ്ങിയിരുന്നു. തുടർന്ന് അഞ്ച് ലക്ഷം രൂപ സമ്മാനമുള്ള ലോട്ടറി വാങ്ങി. എന്നാൽ, ഫലം വന്നപ്പോൾ സമ്മാനമില്ല. ഇതോടെ പ്രകോപിതനായ ജിഷാൻ രാമദാസ് ഗിരിയെ വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കുറ്റം ജിഷാൻ സമ്മതിക്കുകയും ചെയ്‌തു. പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്ന് ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിങ് അറിയിച്ചു.