വഖഫ്: ലീഗിനെതിരെ കാന്തപുരം, ചിലര്‍ അനാവശ്യ ഇടപെടലുകള്‍ക്ക് ശ്രമിച്ചു, മുഖ്യമന്ത്രിയെ പിന്തുണച്ച് കാന്തപുരം

0
87

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിംലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തിൽ ചിലര്‍ അനാവശ്യ ഇടപെടലുകള്‍ക്ക് ശ്രമിച്ചു. പി എസ് സിക്ക് നിയമം വരുമെന്ന് കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.

നിയമനം പി എസ് സിക്ക് വിടുന്നതിലല്ല, വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടോ എന്നതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരാശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും വഖഫ് സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുത്ത് കൊടുക്കാനുള്ള അധികാരം സര്‍ക്കാരിനും ബോര്‍ഡിനുമുണ്ടാകണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ഖഖഫ് സ്വത്ത് വകമാറി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിച്ച് അതിന്റെ യഥാര്‍ത്ഥ മാര്‍ഗത്തിലേക്ക് കൊടുക്കണം.

അല്ലാതെ ഇവിടെ ഒരു വഖഫ് ബോര്‍ഡും സര്‍ക്കാരും നിലനില്‍ക്കില്ല. കയ്യൂക്കുകൊണ്ട് വഖഫ് സ്വത്ത് പിടിച്ചെടുത്ത് കൈവശം വെക്കാതെ ഏത് അവശ്യത്തിനാണോ എടുക്കേണ്ടത് അതിനുതന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടിയാണ് വഖഫ് ബോര്‍ഡ്,’ കാന്തപുരം കൂട്ടിച്ചേര്‍ത്തു.