കർണാടകത്തിൽ ക്രിസ്ത്യന്‍ പുരോഹിതനെ വെട്ടിക്കൊല്ലാന്‍ ശ്രമം, നിസ്സംഗതയോടെ പൊലീസ്

0
31

വടക്കൻ കർണാടകത്തിൽ ക്രൈസ്തവ പുരോഹിതനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം. ബെലഗാവിയിലെ സെന്റ് ജോസഫിന്റെ ‘ദ വര്‍ക്കര്‍ ചര്‍ച്ച്’ വികാരി ഫാദര്‍ ഫ്രാന്‍സിസിനെയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തുടർനടപടിയെടുക്കുന്നതിൽ പൊലീസ് നിസ്സംഗത കാട്ടുകയാണെന്ന് ആക്ഷേപം ഉയർന്നു. അക്രമി വീട്ടിലേക്ക് കടന്നുവരുന്നതും പുറത്തുകടക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

നായയുടെ കുര കേട്ട് വീട്ടില്‍ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ”സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോള്‍ വാളുമായി നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അയാള്‍ അക്രമിക്കുമെന്നുറപ്പായതോടെ ഞാന്‍ ബഹളംവയ്ക്കുകയായിരുന്നു. ഞാന്‍ സഹായത്തിനായി നിലവിളിച്ചതോടെ അയാള്‍ ഓടി,”ഫാദര്‍ ഫ്രാന്‍സിസ് പറഞ്ഞു.
ഫ്രാന്‍സിസ് ബഹളമുണ്ടാക്കിയതോടെ അക്രമി മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

അക്രമി മാനസികരോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് പൊലീസ് കമീഷണർ കെ ത്യാഗരാജൻ പറയുന്നത്.
ശനിയാഴ്ച കോലാറിലും ക്രൈസ്തവ പുരോഹിതർക്കും വിശ്വാസികൾക്കുമെതിരെ കോലാറിലും അക്രമം നടന്നിരുന്നു.

മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം തീവ്ര ഹിന്ദുത്വവാദികളാണ് കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു. ഈ സംഭവത്തിലും അകാരമികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്ന് കാട്ടി ക്രൈസതവ വിശ്വാസികൾക്ക് നോട്ടീസ് നൽകുകയായിരുന്നു പൊലീസ്.