ബീഫ് കഴിച്ച 24 ആദിവാസി യുവാക്കള്‍ക്ക്​ ഊരുവിലക്ക്, പൊലീസ്​​ അന്വേഷണം തുടങ്ങി

0
114

ബീഫ് കഴിച്ചതിന്​ 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ്​ ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഊരുവിലക്ക്.

ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ പ്രവേശനമില്ല. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതിന് തടസമില്ലെന്നും ഊരുക്കൂട്ടം വിധിച്ചിട്ടുണ്ട്. വിലക്കപ്പെട്ടവര്‍ കാട്ടില്‍ അഭയം തേടിയിരിക്കുകയാണ്​. ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ബീഫ്​ പതിവില്ല.

എന്നാല്‍, ചില യുവാക്കള്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങി കൊണ്ടുപോയി പാകം ചെയ്തും ബീഫ് കഴിക്കുന്നുവെന്ന പരാതിയെത്തുടർന്ന് തിങ്കളാഴ്​ച ഊരുകൂട്ടം ചേർന്ന് ഊരുവിലക്കുകയായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിനും പൊലിസിനും പുറമെ പഞ്ചായത്ത് അധികൃതരും അന്വേഷണം തുടങ്ങി.