കടുത്ത വർഗീയപ്രസംഗവുമായി കെ എം ഷാജി; ‘ലീഗ് വിട്ടുപോകുന്നവർ ഇസ്ലാമിൽനിന്ന് പോകുന്നു, എസ്എഫ്‌ഐയിൽ ചേർന്നാൽ സമുദായത്തിന് ക്ഷീണം’

0
118

വഖഫ് ബോർഡ് നിയമനത്തിന്റെ പേരിൽ വർഗീയത ആളിക്കത്തിച്ച് മുസ്ലിം ലീഗ്. വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതിനെ എതിർക്കാനെന്ന പേരിൽ കോഴിക്കോട് ബീച്ചിൽ നടത്തിയ സമ്മേളനത്തിൽ കടുത്ത വർഗീയ പ്രസംഗമാണ് ലീഗ് നേതാക്കൾ നടത്തിയത്. ലീഗിൽ നിന്നും വിട്ടുമാറി സിപിഐ എമ്മിനൊപ്പം പോകുന്നവർ ഇസ്ലാമിൽ നിന്നാണ് പോകുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പറഞ്ഞു. നന്നായി പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സിപിഐ എമ്മിനൊപ്പമാണ്.

എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ ഒരാൾ മെമ്പർഷിപ്പെടുത്താൽ ലീഗിനല്ല ക്ഷീണം. ലീഗ് ഓഫീസിന്റെ പരിസരത്തുനിന്നല്ല, ദീനിന്റെ പരിസരത്തുനിന്നാണ് അവർ പോകുന്നതെന്നും ഷാജി പറഞ്ഞു.

തലശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം മുസ്ലിം കുടുംബങ്ങളിൽ നിന്നും സിപിഐ എമ്മിലേക്ക് പോയിട്ടുള്ള കുട്ടികൾ മതത്തിൽ നിന്നും കൂടിയാണ് പോയിട്ടുള്ളത്. ഈ സാഹചര്യം അനുവദിക്കാൻ പാടില്ല. മദ്രസയിൽ പോകുന്ന കുട്ടികളാണോ എസ്എഫ്‌ഐയിൽ ചേരേണ്ടത്. മുസ്ലിം പെൺകുട്ടികളെ തെരുവിൽ കൊണ്ടുവന്ന് നൃത്തം ചെയ്യിപ്പിച്ച് സമുദായത്തെ വെല്ലുവിളിച്ചു. മതമല്ല പ്രശ്‌നമെന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. ഞങ്ങൾക്ക് മതമാണ് പ്രശ്‌നം.

ഇവരുടെ കൂടെ ചേർന്നാൽ അവർ പതുക്കെ പതുക്കെ ഇസ്ലാമിന്റെ അറ്റത്തുനിന്ന് പോകുകയാണ്. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരുമ്പോഴെല്ലാം മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്. മാർക്‌സിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളാണ്.- ഇതായിരുന്നു ഷാജിയുടെ പ്രസംഗം.

സമ്മേളനത്തിൽ സംസാരിച്ച ലീഗ് സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിയും വർഗീയവും അധിക്ഷേപകരവുമായ പരാമർശങ്ങളാണ് നടത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് അബ്ദുറഹ്‌മാൻ അധിക്ഷേപിച്ചു. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാർ കാണിക്കണമെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വർഗം ഞങ്ങൾക്ക് വേണ്ടെന്ന് പറയുന്നവർ കാഫിറുകളാകുമെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു.