BREAKING ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ അട്ടിപ്പേറവകാശവുമായി ആരെങ്കിലും വന്നാൽ അംഗീകരിക്കില്ല: മുഖ്യമന്ത്രി

0
79

വഖഫ് സംരക്ഷണറാലിയുടെ മറവിൽ കേരളത്തിൽ മതവികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാനുള്ള ലീഗ് കുതന്ത്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം സമുദായം ആദരിക്കുന്ന മതപണ്ഡിതരുമായും സംഘടന നേതാക്കളുമായും വിഷയം ചർച്ച ചെയ്തിട്ടും വർഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള ലീഗ് നീക്കത്തെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിനെതിരെ ആഞ്ഞടിച്ചത്.

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണെന്ന് പറഞ്ഞുകൊണ്ട് വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് മാത്രമേ നിങ്ങളോടു പറയാനുള്ളു. മറ്റുള്ളവരുമായി ഞങ്ങൾ ചർച്ച ചെയ്യും. ചർച്ച ചെയ്ത അതിൽ പരിഹാരവും കാണും. അവർക്ക് അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

 

കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ പ്രബലമായ സംഘടന, ജിഫ്രി തങ്ങൾ നേതൃത്വം കൊടുക്കുന്ന സമസ്ത വിഭാഗം. അതേപോലെതന്നെ അബുബക്കർ മുസ്‌ലിയാർ കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം. ഇവരെല്ലാരുമായും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മറ്റു കൂട്ടരും വന്നിട്ടുണ്ട്. അവരോടെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. അവർക്കെല്ലാം ബോധ്യമുണ്ട്. ഇവർക്ക് ബോധ്യമല്ലപോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് എന്താണോ ചെയ്യാനുള്ളത് ചെയ്യ്.

ഞങ്ങൾക്കതൊരു പ്രശ്നമല്ല. അതേസമയം, നിങ്ങൾ ഇങ്ങനെ ഒരു വിതണ്ഡവാദവുമായി വരുന്നു എന്നതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്നും മാറുന്നുമില്ല. അത് മനസിലാക്കിക്കോ- പിണറായി കൂട്ടിച്ചേർത്തു.

വഖഫ് സംരക്ഷണറാലിയുടെ മറവിൽ തനി മതരാഷ്ട്രീയവും വർഗീയ വെല്ലുവിളികളും നടത്തുകയായിരുന്നു ലീഗ് നേതാക്കളും അണികളും. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുകയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുകയും ചെയ്തു. സ്വവര്‍ഗ വിവാഹ വിരുദ്ധവും, ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതുമടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ പ്രസ്താവനകളാണ് ലീഗ് നേതാക്കള്‍ നടത്തിയത്.