ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍

0
69

വന്‍കുടലില്‍ കണ്ടെത്തിയ ട്യൂമറിന് ചികിത്സയുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്തംബറിൽ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പെലെയെ വിധേയനാക്കിയിരുന്നു. എന്നാൽ, തുടര്ചികിത്സയുടെ ഭാഗമായി വീണ്ടും കീമോതെറാപ്പി ആവശ്യമായിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. സംപൗളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ. 81 കാരനായ പെലെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആഗസ്റ്റ് അവസാനത്തില്‍ പതിവ് ടെസ്റ്റിനിടെ കണ്ടെത്തിയ ട്യൂമര്‍ ചികിത്സിക്കുന്നതിനായി പെലെയ്ക്ക് കീമോതെറാപ്പി സെഷനുകള്‍ ഉണ്ടെന്ന് പെലെയുടെ അസിസ്റ്റന്റായ പെപ്പിറ്റോ ഫോര്‍നോസ് മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ മൂത്രാശയ അണുബാധയെത്തുടര്‍ന്ന്​ഫ്രാന്‍സിലെ ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.