ബിപിന്‍ റാവത്ത്: സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂത്രധാരന്‍

0
43

അച്ഛന്റെ പാത പിന്തുടർന്ന് സൈനിക സേവനത്തിനിറങ്ങിയ ബിപിൻ റാവത്തായിരുന്നു സമീപകാലങ്ങളിൽ ഇന്ത്യ നടത്തിയ പല സൈനിക നീക്കങ്ങളുടെയും സൂത്രധാരൻ. രാജ്യത്തിന്റെ സേനാവീര്യത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് ബിപിൻ റാവത്ത് എന്ന് നിസംശയം പറയാം. അടുത്തിടെ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹത്തിന്റെ യുദ്ധതന്ത്രവും ആശയവുമായിരുന്നു.

ഇന്ത്യയുടെ ആദ്യ സി ഡി എസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ആയി ചുമതലയേറ്റശേഷം അതിർത്തി കടന്നുള്ള ഭീകരരെ കാലപുരിക്കയച്ചു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ തിരിച്ചടി നല്‍കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും റാവത്തും ചേര്‍ന്നാണ്. 2016 സെപ്റ്റംബര്‍ 18നായിരുന്നു ഉറിയില്‍ ഭീകരാക്രമണം നടന്നത് തുടര്‍ന്ന് 10 ദിവസത്തെ ആസൂത്രണങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു.

ഇത് പാകിസ്താനുള്ള സന്ദേശമെന്നാണ് അന്ന് ആക്രമണത്തിന് ശേഷം ബിപിന്‍ റാവത്ത് പ്രതികരിച്ചത്. 2015 ജൂണില്‍ നാഗാ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായുള്ള മിന്നലാക്രമണത്തിന് നേതൃത്വം നൽകിയതും ബിപിൻ റാവത്തായിരുന്നു.

1958 മാര്‍ച്ച്‌ 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലാണ് റാവത്ത് ജനിച്ചത്. ഡെറാഡൂണിലെ കേംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്നുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു.

അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാവത്ത് 1988-ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി ജീവനക്കാരനായാണ് വിരമിച്ചത്. അച്ഛന്‍ ലഫ്. ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂര്‍ഖാ റൈഫിള്‍സ്’ ന്റെ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായി 1978-ലാണ് ജനറല്‍ റാവത്ത് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അമേരിക്കയിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടി. യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള ജനറൽ റാവത്ത് യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിലും സേവനമനുഷ്ഠിച്ചു.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്വോര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ മീറ്റിലെ ചൗധരി ചരന്‍ സിങ്ങ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. സൈനികസേവനത്തിന് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും ബിപിൻ റാവത്തിനെ തേടിയെത്തി.