സന്ദീപ് വധം: മുഴുവൻ പ്രതികളെയും 13 വരെ കസ്റ്റഡിയിൽ വിട്ടു

0
84

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിക്കാരായ പ്രതികളെ ഏഴുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കാട്ടി അന്വേഷകസംഘം സമർപ്പിച്ച അപേക്ഷ അനുവദിച്ചാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. മുഖ്യപ്രതി യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിഷ്ണു, പ്രമോദ്, നന്ദു, മൻസൂർ, അഭി എന്ന വിഷ്ണു എന്നിവരെയാണ് ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് അപേക്ഷയിൽ പറഞ്ഞിരുന്നു. നാലാം പ്രതി മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാസർകോട് ജില്ലയിലെ മൊഗ്രാൽ മൈമൂൻ നഗർ സ്വദേശി മൻസൂറാണ് വ്യാജവിലാസം നൽകിയത്. ഒരു തിരിച്ചറിയല്‍ രേഖകളും കൈയ്യിലില്ലാത്ത മൻസൂർ കഞ്ചാവുകടത്തും വാഹനമോഷണവും അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്‌.