പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി, മൂന്നുപേർ കസ്റ്റഡിയിൽ, മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്തു

0
88

പൂവാറിലെ സ്വകാര്യ റിസോർട്ടിൽ വൻ ലഹരി പാർട്ടി. സ്ത്രീകൾ അടക്കം നിരവധി പേർ പങ്കെടുത്ത റേവ് പാർട്ടിയിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങി മാരക മയക്കുമരുന്നുകൾ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. പാർട്ടിക്ക് നേതൃത്വം നൽകിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ആര്യനാട് സ്വദേശി അക്ഷയ് മോഹന്റ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി. ഇയാളെയും സഹായിയായ ഷാൻ പീറ്ററിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് കരിക്കത്തുള്ള ഒരു റിസോർട്ടിൽ റേവ് പാർട്ടി ആരംഭിച്ചത്. ഇവിടുത്തെ ഹട്ടുകളിൽ നിന്ന് മയക്കുമരുന്ന് ലഭിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ 50 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

നിർമ്മാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപയാണ് ഫീസ് വാങ്ങിയത്. രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റിസോർട്ടിൽ മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ല. മുമ്പും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ.