ബാലണ്‍ ഡി ഓർ ഏഴാമതും സ്വന്തമാക്കി ലയണല്‍ മെസി

0
75

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ലോക ഫുട്‌ബോളിലെ അതിവിശിഷ്ട ബഹുമതിയായ ബാലണ്‍ ഡി ഓറില്‍ ഏഴാം തവണയും മുത്തമിട്ടു. ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ മറികടന്നാണ് മെസി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ഒരിക്കല്‍ക്കൂടി കൈപ്പിടിയില്‍ ഒതുക്കിയത്.

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ മൂന്നാം സ്ഥാനത്തെത്തി. മെസിയുടെ കടുത്ത എതിരാളിയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് തുറുപ്പുചീട്ടുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

അര്‍ജന്റീനയെ കോപ്പ അമേരിക്കയില്‍ ജേതാക്കളാക്കിയത് അടക്കമുള്ള നേട്ടങ്ങളാണ് മെസിക്ക് തുണയായത്. ബാലണ്‍ ഡി ഓറിനായുള്ള മത്സരത്തില്‍ മെസിക്ക് പിന്നിലായെങ്കിലും പുതുതായി ഉള്‍പ്പെടുത്തിയ സ്‌ട്രൈക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലെവന്‍ഡോവ്‌സിക്ക് ലഭിച്ചു.

മികച്ച ഗോള്‍ കീപ്പറായി പി.എസ്.ജിയുടെയും ഇറ്റലിയുടെയും വല കാക്കുന്ന ജിയാന്‍ലൂഗി ഡൊണ്ണാരുമ്മയെ തെരഞ്ഞെടുത്തു. വനിതകളിലെ മികച്ച ഫുട്‌ബോളര്‍ സ്‌പെയ്‌നിന്റെയും ബാഴ്‌സയുടെയും മിഡ്ഫീല്‍ഡര്‍ അലക്‌സിയ പ്യൂട്ടെല്ലാസാണ്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി മികച്ച അണ്ടര്‍ 21 താരത്തിനുള്ള കോപ പുരസ്‌കാരം സ്വന്തമാക്കി.