മാക്കൂട്ടം ചുരം പാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ ഏഴുവരെ നീട്ടി. ആര്‍ടിപിസിആര്‍ നിബന്ധന പിന്‍വലിക്കുമെന്നും രണ്ടു ഡോസ് വാക്സിന് എടുത്തവരെ കടത്തിവിടുമെന്നുമുള്ള പ്രതീക്ഷ ഇതോടെ അവസാനിച്ചു. ഇരു സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്ന ജനരോഷവും ചീഫ് സെക്രട്ടറി തലത്തിലുണ്ടായ ഇടപെടലും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് നാലുമാസം മുമ്പാണ് മാക്കൂട്ടം അതിര്‍ത്തിയില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ചുരം പാത വഴി ഇരു സംസ്ഥാനങ്ങളിലെയും ആര്‍ടിസി ബസുകള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. എങ്കിലും സ്വകാര്യ ബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയില്‍ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിബന്ധനയുള്ളതിനാല്‍ കേരള ആര്‍ടിസിയുടെ രണ്ട് ബസും കര്‍ണാടക ആര്‍ടിസിയുടെ ഒരു ബസും മാത്രമേ ഇപ്പോള്‍ സർവീസ് നടത്തുന്നുള്ളൂ. ചുരം പാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സർട്ടിഫിക്കറ്റും ചരക്കുവാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ടിപിസി ആര് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും നിർബന്ധമാണ്.
തീരുമാനം കേരളത്തിലെ ഉയർന്ന ടിപിആർ നിരക്ക് കണക്കിലെടുത്ത്: ബൊപ്പയ്യ
മാക്കൂട്ടം ചുരം പാത വഴി കുടകിലേക്കുള്ള യാത്രാനിയന്ത്രണം ഡിസംബര്‍ എട്ടു വരെ നീട്ടിയത് കേരളത്തില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ടിപിആര്‍ നിരക്ക് വിലയിരുത്തിയശേഷമാണെന്ന് വീരാജ്പേട്ട എംഎല്‍എ കെ.ജി. ബൊപ്പയ്യ. അഞ്ചിന് മുകളിലാണ് ഇപ്പോള്‍ കേരളത്തിലെ ടിപിആര്‍ നിരക്ക്. അഞ്ചു ശതമാനത്തിന് താഴെയെത്തിയാല്‍ മാത്രമേ നിയന്ത്രണം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ദീപികയോട് റഞ്ഞു.
നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കവെ ജനാധിപത്യരീതിയില്‍ അവര്‍ക്ക് സമരം നടത്താനുള്ള അവകാശമുണ്ടെന്നും എന്നാൽ കുടക് ജനതയുടെ സുരക്ഷിതത്വമാണ് സര്‍ക്കാരിന് പ്രധാനമെന്നും എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാക്കൾ കുടകിലെത്തി നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടിപിആര്‍ നിരക്ക് കുറയുന്നമുറയ്ക്ക് ഇളവ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നും ബൊപ്പയ്യ പറഞ്ഞു.