ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായി പി ജയരാജന്‍ ചുമതലയേറ്റു; ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജയരാജന്‍

0
29

ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ ഒന്നിന് വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡിന്റെ യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പി ജയരാജന്‍ അറിയിച്ചു.

രാജ്യത്തെമ്പാടും ഖാദിയും ഗ്രാമവ്യവസായങ്ങളും സമൂഹത്തില്‍ ഏറ്റവും പിന്നണിയിലുള്ള ആളുകള്‍ക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ്. ഇന്ന് ഇന്ത്യാ രാജ്യത്തെ ഖാദി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പുവരുത്തിയ ഏക സംസ്ഥാനമാണ് കേരളം. അക്കാര്യത്തില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഫലപ്രദമായിട്ടുള്ള നേതൃത്വം വഹിച്ചതായി പി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് താരതമ്യേന കുറഞ്ഞ വേതനം മാത്രം കിട്ടുന്ന തൊഴിലാളിക്ക് നിയമപ്രകാരമുള്ള മിനിമം കൂലി ഉറപ്പു വരുത്തിയിട്ടുള്ളത്. പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനമാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്.

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടിയും കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതി അനുസരിച്ചും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങളാണ് താനക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ നടത്തുകയെന്ന് പി ജയരാജന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡിന്റെ യോഗം അടുത്ത ബുധനാഴ്ച ചേരുമെന്നും ജയരാജന്‍ വ്യക്തമാക്കി.