മോദി സർക്കാർ പരാജയം; കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

0
36

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വിവിധ മേഖലകളിലെ മോദി സർക്കാരിന്റെ പ്രകടനം വ്യക്‌തമാക്കുന്ന ‘റിപ്പോർട് കാർഡ്’ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം.

“മോദി സർക്കാരിന്റെ റിപ്പോർട്ട് കാർഡ്:
സാമ്പത്തിക രംഗം- പരാജയം
അതിർത്തി സുരക്ഷ- പരാജയം
വിദേശനയം- അഫ്‌ഗാനിസ്‌ഥാനിലെ തോൽവി
ദേശീയ സുരക്ഷ -പെഗാസസ് എൻഎസ്ഒ
ആഭ്യന്തര സുരക്ഷ- കശ്‌മീരിലെ അന്ധകാരം
ആരാണ് ഉത്തരവാദി?- സുബ്രഹ്‌മണ്യൻ സ്വാമി,”- എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പല വിഷയങ്ങളിലും, കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ വിമർശനമുന്നയിച്ച് സുബ്രഹ്‌മണ്യൻ സ്വാമി രംഗത്ത് വരാറുണ്ട്. പല വിഷയങ്ങളിലും മോദിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്‌തമാക്കിയ സുബ്രഹ്‌മണ്യൻ സ്വാമി, മോദി ആരാധകരെ ABs and GBs (അന്ധഭക്‌തരും ഗന്ധഭക്‌തരും) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ദല്‍ഹി സന്ദര്‍ശനത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് താന്‍ മമതയ്‌ക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് താന്‍ പ്രത്യേകിച്ച് ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി മമതയെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.