വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ; അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തും

0
67

സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർധന പിടിച്ചുനിർത്താൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കും. കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഒരാഴ്‌ചക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിൽ എത്തിക്കാനാണ് തീരുമാനം.

ഇന്ധന വിലവർധനയുടെ പേരുപറഞ്ഞ് ഇടനിലക്കാർ ഇരട്ടിവിലയ്ക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റർ പിന്നിട്ട് പാലക്കാടെത്തുമ്പോൾ 120 രൂപയാണ് ഈടാക്കുന്നത്. ഇന്ധന വില വിലവർധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവർദ്ധനവ് പിടിച്ച് നിർത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.