എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ

0
85

എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ് ഒളിവിലാണ്. രാജേഷിന്റെ ഭാര്യ സുമയ്‌ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സിസി ടിവി ദൃശ്യം ലഭിച്ചിട്ടും പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. യുവതിയുടെ കുടുംബം വനിത കമ്മീഷനിൽ പരാതി നൽകി. നേരത്തെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയപ്പോള്‍ കോടതി, പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടതാണെന്ന് യുവതി പറഞ്ഞു. ഈ ഓർഡർ പോസ്‌റ്റൽ വഴി ലഭിച്ചപ്പോൾ ആയിരുന്നു ഭർത്താവിന്റെ ക്രൂരമായ പ്രതികരണം. സുമയെ ആദ്യം ചുറ്റിക കൊണ്ട് അടിക്കുകയും പിന്നീട് താഴെ ഇട്ട് ചവിട്ടുകയും ചെയ്‌തു. സ്‍ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് യുവതി പറയുന്നു. ചേച്ചിയുടെ ഭര്‍ത്താവുമായി ബന്ധപ്പെടുത്തി മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും യുവതി പറഞ്ഞു.

രാജേഷിന്റെയും സുമയുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷമായി. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സുമയുടെ വീട്ടിലെ സ്വത്തുക്കള്‍ എഴുതി വാങ്ങണമെന്ന് ആവശ്യപ്പട്ട് രാജേഷ് നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു എന്നും യുവതി പറയുന്നു.