Sunday
11 January 2026
24.8 C
Kerala
HomeKeralaഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചു

ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചു

സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വഴി ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ ഒ പി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സയ്‌ക്കായി വിദഗ്‌ധ ഡോക്‌ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം നടപ്പിലാക്കുന്നത്.

എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം വിജയകരമായി നടപ്പിലാക്കിയത്. മറ്റ് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയില്‍ ഒരു ഹബ് രൂപീകരിച്ചാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയേയാണ് ജില്ലകളിലെ ഹബുകളാക്കിയിരിക്കുന്നത്. ഇതുകൂടാതെ പലയിടത്തും സ്‌പെഷ്യലിസ്റ്റുകളെ റൊട്ടേഷന്‍ അടിസ്ഥാനത്തിലും നിയോഗിക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്‌പോക്കുകളായി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖാന്തിരവും സ്‌പെഷ്യലിസ്റ്റ് ഡോക്‌ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്‌പോക്കുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബുകളിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ ഇ സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ വേഗത്തില്‍ തന്നെ ഹബുകളും സ്‌പോക്കുകളും തയ്യാറാക്കേണ്ടതാണ്. ജനങ്ങള്‍ അതത് ആശുപത്രികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം തേടേണ്ടതാണന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments