ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ

0
51

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്‌ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്ത് ആയതിനാല്‍ ഇതില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന ഹരജി നല്‍കിയത്.

എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹരജി വിധി പറയാനായി 22ലേക്ക് മാറ്റി. നവംബർ ആറിനാണ് സ്വപ്‌ന സുരേഷ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ്  ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ.

പാസ്‌പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്‌ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്‌ഥകൾ.