കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും മ്മില്‍ ഏറ്റുമുട്ടൽ : ഒരു ഭീകരനെ വധിച്ചു

0
64

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഭീകരനെ വധിക്കാന്‍ സുരക്ഷസേനക്കായിട്ടുണ്ട് . എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.

കുൽഗാമിലെ പോംഭായി,ഗോപാൽപ്പോര എന്നിവിടങ്ങളിലും ഈയാഴ്ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരസംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചത്. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു. പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയതും ഈ ആഴ്ച തന്നെ. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കാനായിരുന്നു തീരുമാനം