പമ്പാ ഡാം തുറന്നു: ശബരിമല തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന്‌ നിർദേശം

0
117

ജലനിരപ്പുയർന്നതിനെ തുടർന്ന്‌ പമ്പാ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ ക്രമാനുഗതമായി ഉയര്‍ത്തി 25 ഘനയടി മുതല്‍ 100 ഘനയടി വരെ വെള്ളം തുറന്നുവിടും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ വെള്ളം പമ്പാ നദിയിലേക്ക്‌ ഒഴുക്കി വിടുന്നതിനാണ് തീരുമാനം. ശനിയാഴ്‌ച ഉച്ചയോടെയാണ്‌ ഡാം തുറന്നത്‌. ഏകദേശം ആറു മണിക്കൂറിന്‌ ശേഷം പമ്പാ ത്രിവേണിയില്‍ വെള്ളമെത്തുമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു.

നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്‌ക്ക് സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.