സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി; എല്ലാ ജില്ലകളിലും വെർച്ച്വൽ ഐടി കേഡർ; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികൾ

0
75

പ്രവർത്തനം ആരംഭിക്കുന്നതിന്റെയും, എല്ലാ ജില്ലകളിലും വെർച്വൽ ഐ.ടി. കേഡർ രൂപീകരിക്കുന്നതിന്റെയും, കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം നവംബർ 22ന് രാവിലെ 10.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്നതാണ് ഇ ഹെൽത്ത് പദ്ധതിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പൗരന് ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യം മുൻനിർത്തി പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾ വിവരസാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരാൾ ഒ.പി.യിലെത്തി ചികിത്സാ നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. സംസ്ഥാനത്ത് ഇതിനകം 300 ലധികം ആശുപത്രികളിൽ ഈ ഹെൽത്ത് പ്രവർത്തിച്ചുവരുന്നു. ഇതുകൂടാതെ 150 ഓളം ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. അതിൽ വിവിധ ജില്ലകളിൽ നിന്നായി 50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുകയാണ്. 150 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂർ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂർ 4 എന്നിങ്ങനെയാണ് പുതുതായി ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമൊരുക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ വിവിധങ്ങളായ ഐ.ടി സേവനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് വിവരസാങ്കേതിക വിദ്യയിൽ ഏതെങ്കിലും യോഗ്യത നേടിയിട്ടുള്ളവരെയും താല്പര്യം ഉള്ളവരെയും ഉൾപ്പെടുത്തിയാണ് വെർച്ച്വൽ ഐടി കേഡർ രൂപീകരിക്കുന്നത്. വിവിധ ഇ ഗവേണൻസ് പ്രോജക്ടുകൾ/ സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനും അവയുടെ സുസ്ഥിര വികസനം ലൈൻ ഡിപ്പാർട്ട്മെന്റുകളിൽ ഉറപ്പാക്കുന്നതിനും ഈ വെർച്വൽ ഐടി കേഡർ സഹായകരമാകും.

കെ ഡിസ്‌ക് ആരോഗ്യ വകുപ്പിനായി മൂന്ന് എമർജിംഗ് ടെക്നോളജി പ്രോജക്ടുകളാണ് വികസിപ്പിച്ചിട്ടുള്ളത്. ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനൽ ഇമേജ് ക്വാളിറ്റി അസെസ്മെന്റ് & ഫീഡ്ബാക്ക് ജനറേഷനാണ് ആദ്യത്തേത്. തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കിയ സ്മാർട്ട്ഫോൺ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ചിത്രങ്ങളുടെ ഗുണനിലവാരം സ്വയമേവ വിശകലനം ചെയ്യാനും 10 സെക്കൻഡിനുള്ളിൽ ചിത്രങ്ങളുടെ റീടേക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് അറിയാനും ഈ പദ്ധതി സഹായിക്കുന്നു.

ബ്ലഡ് ബാഗ് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും എന്ന പദ്ധതിയാണ് രണ്ടാമത്തേത്. ബ്ലഡ് ബാഗുകളുടെ സംഭരണ താപനില റിയൽ ടൈം ആയി മോണിറ്റർ ചെയ്യുക എന്നതാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പദ്ധതിയുടെ ലക്ഷ്യം. ബ്ലഡ് ബാഗുകളുടെ കാലഹരണ തീയതി, അവയുടെ താപനിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ സംബന്ധിച്ച് സമയബന്ധിതമായി മുന്നറിയിപ്പ് നൽകുകയും അതുവഴി ബ്ലഡ് ബാഗുകളിൽ സംഭരിച്ച രക്തം ഉപയോഗ ശൂന്യമായി പോകുന്നത് തടയുകയും ചെയുന്നു.

ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റമാണ് മൂന്നാമത്തേത്. സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വാക്സിൻ സംബന്ധിച്ച വിശദംശങ്ങൾ ട്രാക്ക് ചെയ്യുന്നതാണ് ഈ പദ്ധതി. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്