ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്

0
83

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി 800 കാറിലാണ് പ്രതികള്‍ എത്തിയത്. കാറിന്റെ ഗ്ലാസുകളില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലാണ്. സിസിടിവി ക്യാമറകളിലാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ പതിഞ്ഞത്. കാറിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 34 പേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉണ്ടാകും. കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് എസ്പി ഓഫിസില്‍ ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.