ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്‍കിയ ആളുകളെ വീരനായി കരുതുന്ന കങ്കണയ്ക്ക് സ്വാതന്ത്ര്യ സമരത്തിലെ യഥാര്‍ത്ഥ വീരന്‍മാരെ മനസിലാവില്ല ; ശശി തരൂര്‍

0
83

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് തരൂര്‍ പറഞ്ഞു. ‘കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍… അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം’ എന്നത് ഒരു യാചകന്റെ ഭാഷയാണോ? എന്നും തരൂര്‍ ചോദിച്ചു. നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന ഒരാളെ ചിന്തിച്ച് നോക്കു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമല്ല ഭിക്ഷയായിരുന്നു നേടിത്തന്നത് എന്ന് കങ്കണ പറഞ്ഞത്. ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാന്‍ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറഞ്ഞിരുന്നു.നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറഞ്ഞു. ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നെന്നും, ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.