കേരളത്തിൻറെ ഭാവിക്കുവേണ്ടിയുള്ള പ്രധാന പദ്ധതികളിൽ ഒന്നായ കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങൾ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ കെ റെയിൽ പദ്ധതി അനാവശ്യമാണ്. വൻതുക ചെലവിടുന്ന പദ്ധതികളോട് സർക്കാരിന് പ്രത്യേക താത്‌പര്യമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എന്നാൽ എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?
കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ.കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്‌റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്‌പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ‘ എന്ന കമ്പനിയാണ് കെ റെയിൽ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്). കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്തും. 675 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.
അതേസമയം എതിർപ്പുകൾക്കിടയിൽ സംസ്‌ഥാനത്ത് സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടക്കുകയാണ്. പഠനത്തിന്റെ ഭാഗമായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ- റെയിൽ അറിയിച്ചു.
ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്‌ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും നടപടിക്രമങ്ങൾ തുടങ്ങിയിരിക്കുകയാണ്.