വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു ; സൂര്യ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കാതെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല

0
86

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രത്തിനെതിരെ വണ്ണിയാര്‍ സമുദായം. ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം.സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

വണ്ണിയാര്‍ സമുദായത്തിന്റെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുകയായിരുന്നെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു.മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യയെ പരസ്യമായി ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പട്ടാണി മക്കല്‍ കച്ചിയും പറഞ്ഞു.

‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.