Monday
12 January 2026
23.8 C
Kerala
HomeSportsട്വന്റി 20 ലോകകപ്പ്: രാജാക്കന്മാർ ആരെന്ന് നാളെ അറിയാം

ട്വന്റി 20 ലോകകപ്പ്: രാജാക്കന്മാർ ആരെന്ന് നാളെ അറിയാം

അതിവേഗ ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാർ ആരെന്ന് നാളെ അറിയാം. ആരോൺ ഫിഞ്ചിന്റെ ഓസ്ട്രേലിയയ്ക്ക് കെയ്ൻ വില്യംസണിന്റെ ന്യൂസിലണ്ടാണ് എതിരാളി. ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുക. 2010 ൽ വിൻഡീസ് ആതിഥ്യമരുളിയ മൂന്നാം ലോകകപ്പിൽ കങ്കാരുപ്പട ഫൈനലിലെത്തിയെങ്കിലും കിരീട ഭാഗ്യം ഇംഗ്ലണ്ടിനായിരുന്നു. ക്രിക്കറ്റിൽ അജയ്യരായിരുന്ന കാലത്തും അതിവേഗ ക്രിക്കറ്റിൽ ഓസീസിന് വിചാരിച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും എഴുതിത്തള്ളിയിടത്തു നിന്നാണ് ഇത്തവണ ഫീനിക്സ്‌ പക്ഷിയെ പോലെ, ഒരിടവേളക്ക് ശേഷമുള്ള ഓസീസിന്റെ ഫൈനൽ കുതിപ്പ്. രണ്ടാം ഫൈനലിനൊരുങ്ങുമ്പോൾ കിരീട നേട്ടത്തിൽ കുറഞ്ഞൊന്നും ആരാധകരെ തൃപ്തരാക്കില്ലെന്ന് ആരോൺ ഫിഞ്ചിനും സംഘത്തിനും നന്നായി അറിയാം.

സൂപ്പർ ട്വൽവിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവി മാറ്റിനിർത്തിയാൽ കങ്കാരുപ്പട ലോകകപ്പിൽ പുറത്തെടുക്കുന്നത് ഉജ്വല പ്രകടനമാണ്. സ്‌റ്റീവൻ സ്മിത്തിന്റെ മോശം ഫോമാണ് ബാറ്റിംഗിൽ ഓസീസിനെ അലട്ടുന്നത്. വാർണറും ഫിഞ്ചും വെടിക്കെട്ട് തുടക്കം സമ്മാനിക്കുകയും മാക്സ്വെല്ലും വെയ്ഡും ഉൾപ്പെടുന്ന ബാറ്റർമാർ അടിച്ചു തകർക്കുകയും ചെയ്താൽ മഞ്ഞപ്പടയ്ക്ക് ബാറ്റിംഗിൽ ആശങ്കകൾ വേണ്ട.
സ്റ്റാർക്ക്, കമ്മിൻസ്, ഹെയ്സൽവുഡ് ത്രയവും ആദം സാംപയുമാണ് ബോളിംഗിലെ പോരാളികൾ.പാകിസ്താന്റെ ജൈത്രയാത്രയ്ക്ക് ഫുൾ സ്റ്റോപ്പിട്ട പ്രകടനം ഓസീസ് ടീമിന്റെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം ചരിത്ര ഫൈനൽ കിരീട നേട്ടത്തിലൂടെ അവിസ്മരണീയമാക്കാൻ ഉറച്ചാണ് കീവികൾ ഇറങ്ങുന്നത്.

കെയിൻ വില്യംസണെന്ന മികച്ച നായകന് കീഴിൽ പോരാളികളുടെ കൂട്ടമാണ് ന്യൂസിലണ്ട്. ഓപ്പണർ ഡാരിൽ മിച്ചലിന്റെ ഇടിവെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയുള്ള ബ്ലാക്ക് ക്യാപ്സിന്റെ ഫൈനൽ പ്രവേശം. ജിമ്മി നീഷമിന്റെ വെടിക്കെട്ട് ബാറ്റിംഗ് മധ്യനിരയ്ക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും ഡെവോൺ കോൺവെ പരുക്ക് കാരണം കളിക്കില്ലെന്നത് കീവീസിന് തിരിച്ചടിയാണ്. ബോൾട്ട് – സൗത്തി- മിൽനെ ത്രയം അണിനിരക്കുന്ന പേസ് ബോളിംഗ് നിരയ്ക്ക് ഓസീസിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയിൽ അപകടം വിതക്കാൻ ശേഷിയുണ്ട്.
സാൻറ്നറും സോധിയും നീഷമും എല്ലാം മിന്നും ഫോമിലാണ്.ഓസ്ട്രേലിയയും ന്യൂസിലൻഡും ഇതേ വരെ കപ്പെടുത്തിട്ടില്ലാത്തതിനാൽ ഫൈനൽ കാത്തിരിക്കുന്നത് പുതിയ കിരീടാവകാശിയുടെ പട്ടാഭിഷേകത്തിന് കൂടിയാണ്.

RELATED ARTICLES

Most Popular

Recent Comments