സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് അതിനുവേണ്ടി പ്രവര്‍ത്തിക്കണം. വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ വകുപ്പിനായി. വ്യക്തിപരമായും സാമൂഹ്യപരവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലാ വനിത ശിശു വികസന ഓഫീസിന്റേയും വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റേയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയൊരു ഉത്തരവാദിത്തമാണ് വകുപ്പിന് മുന്നിലുള്ളത്. അതിനുതകുന്ന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വകുപ്പിന്റെ തന്നെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബാലികാദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്ക് മന്ത്രി സമ്മാനം നല്‍കി. ശൈശവ വിവാഹത്തിനെതിരായ പൊന്‍വാക്ക് പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ ശിവന്യ, ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍ സബീന ബീഗം, വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജീജ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു.