കണ്ണൂരിൽ പതിനൊന്നുകാരിയുടെ മരണ കാരണം ദുർമന്ത്രവാദം; മന്ത്രവാദം നടത്തിയ ഉസ്താദ് കസ്റ്റഡിയിൽ

0
76

കണ്ണൂരിൽ പനി ബാധിച്ച് മരിച്ച പെൺകുട്ടിക്ക് ചികിത്സ ലഭിച്ചില്ല എന്ന് പോലീസ്. ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ്. വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ‘ജപിച്ച് ഊതൽ’ നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കൂടി നേരത്തെ സമാന സാഹചര്യത്തിൽ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി നാലുവയലിൽ എം.സി അബ്ദുൽ സത്താറിന്റെയും സാബിറയുടെയും മകൾ ഫാത്തിമ മരിച്ചത്.

ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. പൊലീസിൽനിന്നും ജില്ലാ കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.

പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.